Thursday, 13 December 2007

സന്മാര്‍ഗ്ഗികളേ - സ്വാഗതം!

സര്‍വേശ്വരനില്‍, ആരായാലും ആത്മസമര്‍പ്പണം നടത്തി ഭൌതിക വാസനകളോടൂള്ള ആര്‍ത്തി ദൂരീകരിച്ചു, മോക്ഷേച്ഛയില്‍ മനസ്സു ഉറപ്പിച്ചാല്‍ അവര്‍ക്കു സുരക്ഷിത്ത്വബോധവും സമാധാനവും, പ്രായേണ സന്തോഷവും തീര്‍ച്ചയായും ലഭിക്കും!

ഇനിമുതല്‍ ഈ ബ്ലൊഗില്‍, (എന്റെ പതിവ് ആത്മരോക്ഷ പ്രകടനത്തോടൊപ്പം,) ഇടക്കിടെ അല്പം ആധ്യാത്മികതകൂടി ചേര്‍ക്കുകയാണു.

സര്‍വേശരനേയും, സദ്ഗുരു ശ്രീ ശങ്കഭഗവത് പാദരേയും, അജ്ഞാനിയായ ഈ ഉള്ളവന്‍ മനസ്സുകൊണ്ടു സാഷ്ടാംഗം നമസ്കരിക്കുന്നു!

ഭാഷ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഞാന്‍ അത്ര നിപുണനല്ല! വേദ-പുരാണങ്ങളില്‍ അറിവു ഒട്ടും തന്നെയില്ല. എന്തെങ്കിലും ഉള്ള അറിവുകള്‍ തന്നെ പൂര്‍ണ്ണവുമല്ല! ആ അപൂര്‍ണ്ണമായ അറിവുകള്‍ പോലും ഒരു ഗുരുവില്‍ നിന്നു ലഭിക്കാതിരുന്നതിനാല്‍, അതിന്റെ നിജസ്തിതി പോലും സാധൂകരിക്കപ്പെട്ടിട്ടില്ല! അതുകൊണ്ടു പണ്ഡിതരും, വേദപുരാണങ്ങളില്‍ അറിവുള്ളവരുമായ സജ്ജനങ്ങള്‍ ദയവായി മാര്‍ഗ്ഗദര്‍ശനം തരണമെന്നു
അപേക്ഷിക്കുന്നു.

“വിവേകചൂഢാമണി” എന്ന ശ്രീശങ്കരാചാര്യസ്വാമികളുടെ കൃതിയെ ആണു ഇതിനുവേണ്ടി അവലംബിക്കുന്നതു. മുക്തിക്കു തടസ്സമായിനില്‍ക്കുന്ന സാധങ്ങളില്‍നിന്നും വിരക്തിയുണ്ടാകാന്‍ ഇതു വായിക്കുന്നവര്‍ക്ക് സഹായകമാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു!


1

ആചാര്യര്‍ പറയുന്നു, “ ജന്തുക്കളില്‍ (ജീവികളില്‍) മനുഷ്യജന്മം ലഭിക്കുന്നതു ദുര്‍ലഭമാണു. അതില്‍ പുരുഷനായി പിറക്കുന്നതു പ്രയാസം തന്നെ! ആ പുരുഷനു ബ്രഹ്മണ്യം ലഭിക്കാന്‍ വീണ്ടും പ്രയാസം. (ബ്രാഹമണകുലത്തില്‍ ജനിച്ചു എന്നു കരുതി ആരും ബ്രാഹ്മണനാകുന്നില്ല എന്ന് ആണു തോന്നുന്നതു!) അഥവാ ബ്രഹ്മണനായാല്‍, ശാസ്ത്രജ്ഞാനം നേടി, അത്മാവിനെ അറിഞ്ഞു, ആത്മസാക്ഷാത്കാരം നേട്ക എത്രയോ പ്രയാസം! ബഹുജന്മാര്‍ജ്ജിതമായ പുണ്യം കൊണ്ടേ സാധ്യമാകൂ അത്രേ!

അപ്പോള്‍ നമ്മള്‍ എത്രയോ ജന്മങ്ങള്‍കൊണ്ട് നേടി എടുത്ത ഈ ജന്മത്തെ, കേവലം ചപലമായ സ്വാര്‍ത്ഥതയാല്‍, അസ്ഥിരമായ ഭൌതിക മോഹങ്ങളില്പെട്ടു കൈവിട്ടു കളയുന്നത വെറും മൂഡത്വമല്ലേ?


“ഇതഃ കോ ന്വസ്തി മൂഢാത്മാ യസ്തു സ്വാര്‍ത്ഥേ പ്രമാദ്യതി
ദുര്‍ലഭം മാനുഷം ദേഹം പ്രാപ്യ തത്രാപി പൌരുഷം”


ഏറ്റവും ദുര്‍ലഭമായ മനുഷ്യജന്മവും, അതില്‍ പുരുഷനായി ജനിക്കുകയും, ചെയ്തിട്ട്,
തനിക്കു ശ്രേയസ്സ്കരമായതിനു വേണ്ടി പ്രയത്നിക്കത്തവനേപ്പോലെ മൂഢന്‍ ആരാണുള്ളതു? എന്നു സാരം!

(സ്കൃത ശ്ലോകങ്ങളുടെ പദാനുപദ അര്‍ത്ഥവും, കൃതികളുടെ സമ്പൂര്‍ണ്ണ വ്യാഖ്യാനവും, ഈയുള്ളവനു സ്വപ്നേപി ചിന്തിക്കാന്‍ സാധിക്കില്ല! മലയാളം തന്നെ കഷ്ടിയാണു. ദയവായി വായനക്കാര്‍ക്കു കൂടൂതല്‍ അറിവും, വിജ്ഞാനവും,സന്മാര്‍ഗ്ഗ ചിന്തകള്‍ക്കു പ്രചോദനവും, ര്‍വോപരി എന്റെ തെറ്റുകള്‍ തിരുത്തിയും, സജ്ജനങ്ങള്‍ അഭിപ്രായങ്ങള്‍ എഴുതുമല്ലൊ!)