Friday, 23 January 2009

"സ്വപ്നം ചിലർക്കു ചിലകാലമൊക്കണം"

കേരളം!

എന്റെ കേരളം, എത്ര സുന്ദരം........ ഇപ്പോഴത്തെ കാര്യമല്ല പറഞ്ഞതു!

പലതരത്തിലുള്ള വികസനങ്ങളും കേരളത്തിൽ വന്നുകൊണ്ടിരിക്കുകയാണു. ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ കൊച്ചു സംസ്ഥാനം, അതിന്റെ ഇൻഫ്രാസ്ട്രക്ചർ രൂപകൽപ്പനചെയ്യുന്നതിലും, വരാൻ പോകുന്ന വികസനങ്ങൾക്കു ഉതകുന്നതും, ഭാവിയിൽ വരാൻ പോകുന്ന സ്ഥലദൗർലഭ്യം കണക്കിലെടുത്തും ഇപ്പോൾ തന്നെ പരമാവധി ദീർഘവീക്ഷണത്തോടെ പുനർസംവിധാനം ചെയ്യേണ്ടിയിരിക്കുന്നു

കേരളത്തിന്റെ തെക്കുവടക്കുള്ള ഹൈവേകൾ മാക്സിമം വളവുകൾ ഇല്ലാതെയും, കിഴക്കുപടിഞ്ഞാറായിട്ടുള്ള പ്രധാന റോഡുകൾ എല്ലാം പരമാവധി വീതിയിലും തീർത്തും വളവുകൾ ഇല്ലാതെയും, തെക്കുവടക്കു പോകുന്ന പ്രധാന റോഡുകളിൽ എത്തിചേരത്തക്ക രീതിയിൽ ആസൂത്രണം ചെയ്തു വേണം ഭാവിയിലെ എല്ലാ പുനർ നിർമ്മാണങ്ങളും വിഭാവനചെയ്യാൻ.

ഇതൊക്കെ സാധ്യമാവാൻ ബുദ്ധിമുട്ട്‌ അല്ലേ? അല്ല! വളരെ ചെറിയ സംസ്ഥാനമായ കേരളത്തെ മൊത്തത്തിൽ മനോഹരമായി രൂപമാറ്റം വരുത്തുവാൻ വലിയ ബുദ്ധിമുട്ടു ഉണ്ടാവുകയില്ല. കാരണം, വരാൻ പോകുന്ന 10-20 വർഷത്തിനകത്തു കേരളം മുഴുവനായി ചെറുതും ഇടത്തരവും ആയ പട്ടണങ്ങളാൽ നിറയും. ഈ ചെറുപട്ടണങ്ങളുടെ കേന്ദ്രം ഏവിടെ വരണമെന്നു മൊത്തത്തിൽ ആസൂത്രണവിഭാഗം കാലേകൂട്ടി രൂപകൽപന ചെയ്യണം. അതനുസരിച്ചു വികസന ആവശ്യമാകുന്നതനുസരിച്ചു പുതിയ വഴികളും പാലങ്ങളും നിർമ്മിച്ചു കൂടുതൽ ഭംഗിയും ഗുണപ്രദവുമായ രീതിയിൽ സൗകര്യപ്പെടുത്താവുന്നതാണു.

മാത്രമല്ല, നമ്മുടെ സംസ്ഥാനം ധാരാളം മഴ ലഭിക്കുന്ന സംസ്ഥാനമാണു. അതുകൊണ്ട്‌ തന്നെ ധാരളം വെള്ളകെട്ടും, ചെറുതും, വലുതുമായ തോടുകളും, ഉണ്ട്‌. അവ അവയുടെ ലക്ഷ്യമായ പുഴകളിലും, കായലുകളിലും, കടലിലും എങ്ങും തടസങ്ങളിൽ പെടതെ എത്തിചേരാൻ പാകത്തിനു ആഴവും, വീതിയുമുണ്ടാക്കാൻ സൗകര്യപ്പെടുത്തണം. എല്ലാ നീർച്ചാലുകളുടേയും ഇരു കരകളും ഒന്നു മുതൽ രണ്ടു മീറ്റർ വീതിയിൽ വരെ നടപ്പാതയും, കുളിക്കടവുകൾ ഉണ്ടങ്കിൽ അവ കെട്ടി വൃത്തിയാക്കി സൂക്ഷിക്കുകയും വേണം. വാഹനങ്ങൾ ഒരു കാരണവശാലും, പുഴയിലും, തോടുകളിലും, പൊതുസ്ഥലാങ്ങളിലും കഴുകുവാൻ അനുവദിക്കരുതു. ഇവ തീർത്തും, കാർ വാഷിങ്ങ്‌ സെന്ററുകളിലോ സ്വകാര്യ സ്ഥലങ്ങളിലോ കഴുകുവാൻ അനുവദിക്കാവൂ. എന്നാൻ ഇവയിൽ നിന്നും പുറംതള്ളുന്ന വെള്ളം ഒരുകാരണവശാലും മനുഷ്യർ ഉപയോഗിക്കുന്ന തോടുകളിൽ ഒഴുകി എത്തരുതു. എല്ലാ നഗരത്തിലേയും മാലിന്യം കലർന്ന വെള്ളം പ്രത്യേകം തീർത്ത ഓടളിലൂടെ ശേഖരിച്ചു യുക്തമായ രീതിയിൽ സംസ്കരിക്കാനുള്ള സംവിധാനവും രൂപകൽപന ചെയ്യണം.

ധാരാളം പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നീർച്ചാലുകളെ ബന്ധപ്പെടുത്തി നടത്തി വരുന്നതായി അറിയാം, എന്നാൽ "കാട്ടിലെ മരം തേവരുടെ ആന" എന്ന രീതിൽ " എന്തെങ്കിലും ചെയ്യാൻ വേണ്ടി ചെയ്യാതെ" ദീർഘവീക്ഷണത്തോടെ ചെയ്യ്താൽ വളരെ നന്നയിരിക്കും. ഇത്തരം കാര്യങ്ങൾ നടപ്പിൽ വരുത്താൻ വിദേശങ്ങളിൽ ജോലിചെയ്തും, കണ്ടും പരിചയമു ധാരാളം ആളുകൾ നമ്മുടെ നാട്ടിൽ തന്നെ ഉണ്ട്‌. അവരുടെ സേവനം ഇത്തരം നവീകരണ പ്രവർത്തനത്തിനു ഉപയോയിക്കാവുന്നതാണു. അവ വിദേശമലയാളികളെ പുനരധിവസ്സിപ്പിക്കുന്ന പ്രവർത്തിനം പോലെ ആകുകയും ചെയ്യും.

പല സ്ഥലങ്ങളിലും യാത്ര ചെയ്യുമ്പോൾ നമ്മുടെ നാടിനെ ആ സ്ഥലങ്ങളുമായി താരതമ്യം ചെയ്യുകയും, നമ്മുടെ അടുത്തുള്ള എന്തെങ്കിലും റോഡോ തോടോ എന്തായാലും, തമ്മിൽ താരതമ്യ്ം ചെയ്ത്‌ ഭാവനയിൽ കണ്ടുകൊണ്ട് നാട്ടിലും ഇങ്ങനെ ആയാൽ എത്ര നന്നായ്‌രിരുന്നേനെ എന്നു ആലോചിക്കാറുണ്ട്.

നമ്മുടെ പുഴകളെ മലിനമാക്കുന്നതിൽ പ്രധാനപങ്കു വഹിക്കുന്നത്‌ അവയുടെ കരയിലെ ഫാക്ടറികളാണു. ഈ ഫാക്ടറികളിലെ മാലിന്യം ഒഴികിപോകാൻ ദ്രുഢമായ വലിയ ടണലുകൾ സ്ഥാപിച്ചു അതിലൂടേ മാത്രം ഒഴുകാൻ അനുവദിക്കാവൂ. ഈ മലിന ജലം പരിസരമലിനീകരണം നടത്തുന്നില്ല എന്നു ഉറപ്പു വരുത്തണം. അതിനുതകുന്ന മലിനജല സംസ്കരണം നടത്താൻ ഉള്ള സൗകര്യം വ്യവസായ ശാലകൾ സ്ഥാപിക്കണം. വീഴ്ചവരുത്തുന്നവർക്കു കഠിനമായ പിഴയും മറ്റു ശിക്ഷയും കൊടുക്കണം.

ഒരു നല്ല ഭംഗിയും, ആരോഗ്യകരവും, ആയ ചുറ്റുപാടും അന്തരീക്ഷവും ഉണ്ടാക്കുന്നതിനു എല്ലാവരുടേയും സഹകരണവും, ഭരണധികാരികളുടെ ഭാവനയും ദീർഘവീക്ഷണവും, ഐഡിയകളെ ക്രിയാത്മകമാക്കാൻ വേണ്ട കഴിവും ദ്രുഢനിശ്ചയവും ആവശ്യമാണു.

ഞാൻ പതിവുപോലെ ഒരു അത്യാഗ്രഹം പ്രകടിപ്പിച്ചു എന്നു മാത്രം.......
സ്വപ്നം കാണാൻ ആരുടേയും അനുവാദം വേണ്ടല്ലോ!

"സ്വപ്നം ചിലർക്കു ചിലകാലമൊക്കണം" എന്നു ആരോ പറഞ്ഞിട്ടുണ്ടല്ലോ!