Friday, 31 October 2008

ഒറ്റമൂലി അല്ല! എങ്കിലും മുറിവിനു നല്ലതാണു

എനിക്കു ഉദേശം 4 വയസുള്ളപ്പോൾ ഒരു മഴക്കാലത്തു, വയ്ക്കോൽ മേഞ്ഞ ഞങ്ങളുടെ വീടിന്റെ ഇറയത്തു രണ്ട്‌ കപ്പകിഴങ്ങും, അരികിൽ ഒരു അരിവാളും ഇരിക്കുന്നു, എനിക്കു വിശന്നിട്ടു വയ്യ

ഒരു കഷണം കപ്പ മുറിക്കാൻ ഞാൻ അരിവാളെടുത്തു കപ്പ ഇടതുകയ്യിൽ വച്ചു ഒറ്റ വെട്ട്‌! ദൈവാധീനം കപ്പ ക്കു ഒന്നും സംഭവിച്ചില്ല! എന്റെ ഇടതുകയ്യിലെ ചൂണ്ടാ‍ആണിവിരൽ ചത്ത കോഴിയുടേ കഴുത്തുപോലെ തൂങ്ങികിട്ക്കുന്നു! എന്തോ എനിക്കു പറയത്തക്ക വേദന തോന്നിയില്ല. രക്തം വരുന്നുണ്ട്‌ - എന്നാൽ അധികമില്ലതാനും.

ഞാൻ ആകെ ഭയന്നു. എന്തു ചെയ്യണമെന്നു ഒരു രൂപവുമില്ല.

വിരൽ മുറിഞ്ഞു തൂങ്ങികിടക്കുന്നു. അമ്മ പാടത്തു പണിക്കു പോയിരിക്കുകയാണു. വന്നാൽ അടി ഉറപ്പ്‌! കൈ മുറിഞ്ഞതല്ല അമ്മക്കു പ്രശ്നം, കുറുമ്പ്‌ കാണിച്ചു അരിവാളെടുത്തതിനായിരിക്കും! ഞാൻ ആലോചിച്ചു നോക്കി - അമ്മവരുമ്പോഴേക്കും എങ്ങനെയെങ്കിലും കൈ ശരിയാക്കണം. ഇപ്പോൾ കുറേശെ വേദന കൂടി വരുന്നു! ഹാവൂ......

വടക്കേ മുറ്റത്തിന്റെ പടിഞ്ഞാറെ മൂലയിൽ ഒരു അടുപ്പുണ്ട്‌. അതിലാണു നെല്ലു പുഴുങ്ങുന്നതും, പശുവിനു തവിടു കലക്കി തിളപ്പിക്കുന്നതും. അടുപ്പിൽ തവിടു തിളപ്പിക്കാൻ വച്ചിട്ടുണ്ട്‌. പുകയുമുണ്ട്‌. എന്റെ തലയിൽ ബൾബ്‌ കത്തി...വേഗം തന്നെ അടുപ്പിനോടാടുപ്പിച്ചു കൈവിരൽ നേരെ പിടിച്ചു ചൂടാക്കാൻ തുടങ്ങി! എന്റമ്മോ.......! അസ്സഹ്യമായ വേദന! ഞാൻ ഉറക്കെ കരഞ്ഞു.

കരച്ചിൽ കേട്ട്‌ തൊട്ട്‌ വടക്കേ വീട്ടിലെ ചീരു മുത്തി വടിയും കുത്തി വേലിയുടെ ഇടയിലുള്ള വഴിച്ചാലിലൂടെ ഓടി എത്തി. ചീരുമുത്തി വന്നപ്പോഴേക്കും, ഞാൻ വേദനകൊൻണ്ട്‌ അലറി തുടങ്ങി. ആകെ ഒച്ചയും ബഹളവും, അപ്പോഴെക്കും അമ്മയും എത്തി! ആദ്യം എനിക്കുള്ളതു തന്നു.. വയറു നിറയെ വഴക്കു!

ചീരുമുത്തി അമ്മയോട്‌ പറഞ്ഞു " ജാന്വോമ്മേ...., മിണ്ടാണ്ടിരീ... പിള്ളേടെ കൈക്ക്യൂപ്പെന്താ വേണ്ടേന്നു വച്ചാ ചെയ്യാൻ നോക്കു"

അമ്മ " എന്തു ചെയ്യാനാ എന്റെ ചീരുചോത്ത്യേ..... എന്റെ പിള്ളേടെ കൈ പോയില്ലേ" എന്നു പറഞ്ഞു അമ്മയും തുടങ്ങി കരച്ചിൽ.

സ്വതവേ ദേഹം വിറയലുള്ള ചീരുമുത്തിക്കു വിറ കൂടി! ഊന്നു വടിയിൽ വലതു കൈ ആഞ്ഞു താങ്ങി, ഇടതു കൈകൊണ്ട്‌ താടിയിൽ തിരുമികൊണ്ട്‌ അൽപനേരം നിന്നിട്ട്‌ ഒറ്റപോക്ക്‌..

അഞ്ചു മിനിട്ട്‌ കഴിഞ്ഞപ്പോൾ കയ്യിൽ കുറെ പച്ചിലകളുമായി വന്നു. എന്നിട്ട്‌ അമ്മയോട്‌ ചോദിച്ചു: "ജാന്വോമ്മെയ്‌... ഇത്തിരി വെളിച്ചണ്ണ ഇങ്ങ്ട്‌ തന്നെ"

"വെളിച്ചണ്ണ ഇല്ല ചീരുവെയ്‌...." അമ്മ ഇഴഞ്ഞ സ്വരത്തിൽ പറഞ്ഞു!

"ഈ ചൂത്ത്രമ്മേടെ വീട്ടിലു ഒരു പണ്ടാറോം "ഒരാവശ്യം വരുമ്പോൾ കാണില്ല, ആ മനക്കൽ പോയി ഇത്തിരി വെളിചണ്ണ തരാൻ പറ" എന്നു പറഞ്ഞു ചീരു മുത്തി പച്ചിലകൾ അരകല്ലിൽ വച്ച്‌ അരക്കാൻ തുടങ്ങി.

അപ്പോഴേക്കും വെളിച്ചണ്ണ വന്നു! ചീരുമുത്തി അടുപ്പിൽ വച്ചു എണ്ണ ചൂടാക്കി..അതിൽ അരച്ച പച്ചില ഇട്ടുനല്ല പോലെ മൂപ്പിച്ചു, എണ്ണ അരിച്ചെടുത്തു.

ഊതി ആറ്റി കൊണ്ട്‌ കോഴിപപ്പ്‌(തൂവൽ) കൊണ്ട്‌ എന്റെ മുറിവിൽ പുരട്ടി.

ഈ സമയമെല്ലാം വേദന തിന്നു പുളയുന്ന എനിക്കു മരുന്നു പുരട്ടുമ്പോൾ നീറ്റൽ കൂടി ആയി! അലറീ വിളിക്കാനുള്ള സ്റ്റാമിന കഴിഞ്ഞു! എങ്ങി കരഞ്ഞു കൊണ്ടിരുന്ന എന്നെ സമാധാനിപ്പിക്കാൻ ചീരുമുത്തി വടക്കൻ പാട്ടിലെ ഉണ്ണിയാർച്ചയുടെ പാട്ടുപാടി തന്നു.

കുറെ കഴിഞ്ഞപ്പോൾ വേദന മരവിപ്പിനു വഴിമാറി!.... ചീരുമുത്തി പോയിട്ടില്ല... ഞാൻ ചീറുമുത്തിയുടെ അടുത്തു തന്നെ കൂടി!

എന്നിലെ അറിയാനുള്ള ആഗ്രഹം ചീരുമുത്തിയോടു ചോദിപ്പിച്ചു---
"എന്തൂട്ടായീ പച്ചില്യോക്കെ അരച്ച്‌ കാച്ചീത്‌?"

"അതു പറയൂലാ മോനെ....അതു രഹസ്യാ.."

"ചീരുമുത്തി ഇതു ആർക്കും പറഞ്ഞ്‌ കൊടുക്കൂലെ:" ഞാൻ ചോദിച്ചു

"മോന്റെ കൈ ഒണങ്ങികയിഞ്ഞ മുത്തി മോനോടു മാത്രം പറഞ്ഞു തരാം"

രണ്ട്മൂന്നാഴ്ച കൊണ്ട്‌ കൈ ഉണങ്ങി! ചീരുമുത്തി എനിക്കു ആമരുന്നു കൾ കാണിച്ചും അതിന്റെ പേരു പറഞ്ഞും തന്നു
എരുക്കിന്റെ കൂമ്പു
തൊട്ടാവാടി കൂമ്പ്‌
തേക്കിന്റെ കൂമ്പ്‌
ഇതു മൂന്നുമായിരുന്നു. അവ.

ഞാൻ ചോദിച്ചു :"ചീരുമുത്തി വൈത്യം പടിച്ചതാ...."
"അല്ല മോനെ എനിക്കപ്പ അങ്ങനെ തോന്നി...ഞനങ്ങനെ ചൈയ്തു.. മോന്റെ കൈയ്‌ പേതായി...അപ്പ ഇതു മരുന്നായി" ചീരുമുത്തി പല്ലില്ലാതെ മോണകാട്ടി ചിരിച്ചുകൊണ്ട് എന്റെ തലയിലൂടെ വിരലുളോടിച്ചുകൊണ്ടു പറഞ്ഞു.

ഒറ്റമൂലി അല്ല! എങ്കിലും മുറിവിനു നല്ലതാണു ഇതു. പലപ്പോഴും ഇതു കാച്ചി വളം കടി, മുറിവു, ഇവക്കെല്ലാം വലുതായ ശേഷം ഉപയോഗിക്കാറുണ്ട്ടായിരുന്നു.

2 comments:

smitha adharsh said...

പുതിയ അറിവ് പകര്ന്നു തന്നതിന് നന്ദി.

Jayasree Lakshmy Kumar said...

കൊള്ളാം. നല്ല പോസ്റ്റ്